ചാലയിലെ വൈഷ്ണവി ജ്വല്ലറിയിൽ നടന്ന സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കവർച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. മാളവിക ജ്വല്ലറി ഉടമ ജയറാം, മുഖ്യപ്രതി അമോൽ, കൂട്ടുപ്രതി ദിലീപ് എന്നിവർ ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.

കവർച്ചയ്ക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഢാലോചന നടന്നത്. സംഭവത്തിന് തലേദിവസം പ്രതികൾ സ്ഥലത്തെത്തി കവർച്ചയുടെ റിഹേഴ്സലും നടത്തിയിരുന്നു. ദിലീപും ഈ റിഹേഴ്സലിൽ പങ്കെടുത്തതായി പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതികൾ ആദ്യം നിശ്ചയിച്ച സമയത്ത് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങാത്തതിനാൽ ആദ്യ നീക്കം പരാജയപ്പെട്ടു. പിന്നീട് സാഹചര്യം വിലയിരുത്തിയാണ് കവർച്ച നടപ്പാക്കിയത്.

ക്വട്ടേഷൻ സംഘത്തിന് മുഖ്യപ്രതി അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. കവർച്ച പൂർത്തിയാക്കിയ ശേഷമാണ് ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജിന് നാല് ലക്ഷം രൂപ കൂടി നൽകിയത്. കൂട്ടുപ്രതി ദിലീപ് വഴിയായിരുന്നു പണമിടപാട്. ദിലീപിൻ്റെ ബാങ്ക് അക്കൗണ്ട് മുഖേന തമിഴ്നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു.

കവർച്ച നടന്ന ദിവസം രാവിലെ തന്നെ 85 ഗ്രാം സ്വർണം അമോൽ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്നെടുത്ത സ്വർണത്തിൽനിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, കേസിൽ അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചയുടെ ആസൂത്രണം, പണമിടപാട്, സ്വർണം കൈമാറിയതിലെ പങ്ക് എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.

Related Posts