ഏകമകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ ഞാറയ്ക്കലിൽ ആണ് നടുക്കുന്ന സംഭവം നടന്നത്. ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിൻ്റെ മുൻവശത്തെ മുറിയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
വിദേശത്ത് ജോലി ചെയ്തിരുന്ന സഞ്ജീവ് നാട്ടിലെത്തിയ ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്ഷോപ്പ് നടത്തി വരികയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്.
ഇവരുടെ ഏകമകൻ സിജോയ് ഏതാനും വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. മകൻ്റെ മരണത്തിന് പിന്നാലെ ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരു വർഷം മുമ്പ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്ന ഇരുവരെയും ദീർഘകാല ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അതിനുശേഷം സഞ്ജീവിൻ്റെ സഹോദരൻ ദിവസവും ഫോൺവിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.
സംഭവദിവസം രാവിലെ വീട്ടിലേക്ക് വരണമെന്ന് സഞ്ജീവ് സഹോദരനോട് ആവശ്യപ്പെട്ടു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതിനെ തുടർന്ന് അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ അയൽവാസിയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ മുൻവാതിൽ തുറന്ന നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.