എൻസിപി അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയ സുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ നടന്ന സി.ജെ.പി സമരവേദിയിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ജലസേചന പദ്ധതികൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ശരദ് പവാർ പ്രധാനമന്ത്രിക്ക് നിവേദനം കൈമാറിയെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും വിവരം.

അതേസമയം, ഈ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ശരദ് പവാർ വിഭാഗം എൻസിപി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരുമോ, അല്ലെങ്കിൽ അജിത് പവാർ വിഭാഗവുമായി ലയിക്കുമോ എന്ന ചർച്ചകൾ വീണ്ടും ശക്തമായി.

ഇതിന് മുമ്പ് ശരദ് പവാർ പക്ഷത്തെ മുതിർന്ന നേതാവ് ജയന്ത് പാട്ടീൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായത്. എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കർഷക-വികസന വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് എൻസിപി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

Related Posts