അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെയാണ് കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.
പ്രതിയെ നിയമാനുസൃതമായി അറസ്റ്റ് ചെയ്യാൻ പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും, പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നുമാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചിൻ്റെ വിമർശനം. അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം രേഖപ്പെടുത്തേണ്ട നിയമനടപടി പോലും പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് മാറ്റണമെന്നും കോടതി നിർദേശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും, സർക്കാർ അന്വേഷണം നടത്താത്ത പക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
“പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ” എന്ന കടുത്ത പരാമർശവും കോടതി നടത്തി. ഭരണകൂടത്തിൻ്റെ സമ്പൂർണ പരാജയമാണ് ഈ കേസിൽ പ്രകടമായതെന്നും, കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും കോടതി വിമർശിച്ചു.
ഡോ. എം.കെ. റാമിനെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രേഖകൾ വിശദീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാനും, ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എം.കെ. റാമിനെ, നിയമനടപടികൾ പാലിച്ചില്ലെന്ന കാരണത്താൽ കോടതി വിട്ടയക്കുകയായിരുന്നു. തുടർന്ന് കോടതി വളപ്പിൽ നിന്ന് വീണ്ടും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി. പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്ത റാം, നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തോട് മൊഴി നൽകിയത്.