പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ ഡൽഹി പോലീസ് നടത്തിയ നടപടിയിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ ഇന്ന് കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിലെത്തി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തി.

രാവിലെ 11 മണിക്ക് ലോക്സഭ സമ്മേളനം ആരംഭിച്ചതോടെ കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കി. സമാജ്‌വാദി പാർട്ടി (എസ്.പി.), തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കോൺഗ്രസിനൊപ്പമുണ്ടായിരുന്നു. അതേസമയം, ഡി.എം.കെ. കോൺഗ്രസിൻ്റെ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും തമിഴ്നാട്ടുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടി സഭയിൽ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചെങ്കിലും പ്രതിപക്ഷം അത് അംഗീകരിച്ചില്ല. ഇതോടെ സഭയിൽ ബഹളമുണ്ടാവുകയും നടപടികൾ തടസപ്പെടുകയും ചെയ്തു. പരീക്ഷാ ക്രമക്കേടും വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയും പാർലമെന്റിൻ്റെ ഇരുസഭകളിലും ഇന്നും പ്രധാന രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്.

Related Posts