നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ അനിഷ്ഠത്തിൻ്റെ പേരിൽ അനുമതി നൽകാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകൾ തടഞ്ഞുവച്ചതിൻ്റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.
നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു.
ഗവർണർ സ്വന്തം നിലയ്ക്ക് നടപടികൾ സ്വീകരിക്കുന്നുവെന്നും നിരീക്ഷിച്ചു. നാളെ വാദം കേൾക്കുന്നതാണെന്നും കോടതി ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഒരു നിയമസഭ അംഗീകരിച്ച ബില്ല് തിരിച്ചയക്കുന്നതിനുള്ള കാരണങ്ങൾ ഗവർണർ വ്യക്തമാക്കേണ്ടതല്ലേയെന്നും നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് ഗവർണർക്ക് രാഷ്ട്രപതിക്ക് അയക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.
ഗവർണർക്ക് എല്ലാതരം ബില്ലുകളും രാഷ്ട്രപതിക്ക് അയക്കാൻ സാധിക്കുമോ എന്നും ബില്ലിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിക്കാനാകുമോയെന്നും, പ്രസിഡൻ്റിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനാണോയെന്നും കോടതി ചോദിച്ചു.