മൈസൂരുവിന് സമീപത്തെ ടി. നരസിപുരയിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.
സുഹൃത്തിൻ്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് രാത്രി 9.45ഓടെ ബസ് സ്റ്റാൻഡിലെത്തിയ മുപ്പതുകാരിയെയാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. കാറിലെത്തിയ സംഘം വഴി ചോദിക്കുന്നതായി നടിച്ച് യുവതിയെ സമീപിക്കുകയും, കന്നഡ അറിയില്ലെന്ന് പറഞ്ഞതോടെ ബലമായി വാഹനത്തിൽ കയറ്റി സമീപത്തെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ലോഡ്ജിൽ വെച്ച് പ്രതികൾ യുവതിയെ മാറിമാറി പീഡിപ്പിച്ചെന്നും കൈവശമുണ്ടായിരുന്ന 5,000 രൂപ കവർന്നെന്നും പൊലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലെത്തിച്ചാൽ നൽകാമെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് പ്രതികൾ അവരെ താമസസ്ഥലത്തിന് സമീപമെത്തിച്ചു.
വീട്ടിലെത്തിയ ഉടൻ യുവതി വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടി രക്ഷപ്പെട്ട് സംഭവം അറിയിക്കുകയായിരുന്നു. വീട്ടുടമ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും പിടികൂടി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി ടി. നരസിപുരയിലെ ഒരു ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.