യു.ഡി.എഫ്. ഭരിക്കുന്ന പാലാ നഗരസഭയിൽ അധ്യക്ഷ ദിയ ബിനുവിനെതിരേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത നാല് കൗൺസിലർമാരും വിമത സ്വതന്ത്ര അംഗം മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെയാണ് ഭരണപക്ഷത്തിന് തിരിച്ചടിയേറ്റത്.
ലിസി കുട്ടി മാത്യു, ബിജു മാത്യുസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവർ കോൺഗ്രസ് വിപ്പ് അവഗണിച്ച് യോഗത്തിൽ പങ്കെടുത്തു. അതേസമയം, റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളും കെ.ഡി.പി പ്രതിനിധിയായ പ്രിൻസി സണ്ണിയും ഹാജരായിരുന്നില്ല.
നഗരസഭാധ്യക്ഷ ദിയ ബിനുവും അവരുടെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് നേതൃത്വവുമായി അകന്നതോടെയാണ് ഭരണപക്ഷത്തിൽ ഭിന്നത രൂക്ഷമായത്. ഈ സാഹചര്യം മുതലെടുത്താണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാൻ 14 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എൽ.ഡി.എഫിന് സ്വന്തം നിലയിൽ 12 അംഗങ്ങളുണ്ടായിരുന്നെങ്കിലും വിമത കോൺഗ്രസ് അംഗങ്ങളുടെയും സ്വതന്ത്ര അംഗമായ മായാ രാഹുലിൻ്റെയും പിന്തുണ ലഭിച്ചതോടെ പ്രമേയം വിജയിക്കുകയും ദിയ ബിനു അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.