ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് 37-കാരിയായ യുവതി നൽകിയ പരാതിയിൽ ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. യുവതി ഒക്ടോബർ ഒൻപതിന് നൽകിയ പരാതിയിൽ പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ഗിരീഷ് അറിയിച്ചു. സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നൽകിയ ദേഷ്യത്തിൽ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രൊഫസർ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.

കഴിഞ്ഞവർഷം ഡിസംബറിൽ ഭർത്താവ് മരിച്ചശേഷം ഒരു സ്വത്ത് തർക്കത്തിൽ ഇയാൾ സഹായിച്ചു എന്ന് യുവതി പറഞ്ഞു. പിന്നീട് കുടുംബസുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ അയാൾ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തെന്നും യുവതി ആരോപിക്കുന്നു. പിന്നാലെ യുവതിക്ക് അശ്ലീല ശബ്ദസന്ദേശങ്ങൾ അയച്ചതായും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

Related Posts