10 -നും 12 -നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരൂ നഗരത്തിലൂടെ പാഞ്ഞ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ കുട്ടികളുടെ മാതാപിതാക്കളെ ഉടൻതന്നെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ബെംഗളൂരൂ നഗരത്തിലെ ട്രാഫിക് പോലീസ് എവിടെയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുകയാണ്. ശ്രേയസ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. തിരക്കേറിയ റോഡിലൂടെ അതിസാഹസികമായി ആറ് കുട്ടികൾ ഒരു സ്കൂട്ടിയിൽ പോയിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനോ ട്രാഫിക് പോലീസോ അവരെ തടഞ്ഞില്ല എന്നത് ഭയപ്പെടുത്തുന്നതാണെന്നു പലരും പറയുന്നു.

ബെംഗളൂരു നഗരത്തിലെ ഗോരിപാളയയ്ക്കടുത്തുള്ള പദരായണപുര മെയിൻ റോഡിൽ, ടോട്ടൽ എഞ്ചിനീയർ ഓട്ടോ ഗ്യാസിന് എതിർവശത്ത് ഇന്നലെ രാവിലെയാണ് ഞെട്ടിക്കുന്ന ഈ രംഗം നടന്നതെന്ന് അനുമാനിക്കുന്നു. വീഡിയോയിൽ നേരെ ഇരിക്കാൻ പോലും കഴിയത്ത അവസ്ഥയിൽ ഒരു പയ്യൻ സ്കൂട്ടിയുടെ ഹാന്‍റിൽ പിടിച്ച് കഷ്ടപ്പെട്ട് ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. അഞ്ച് കുട്ടികൾ അവന് പിന്നിലായി ഇരിക്കുന്നതും കാണാം. ആർക്കും ഹെൽമറ്റുകളില്ല. വീഡിയോയിൽ സ്കൂട്ടിയുടെ നമ്പർ വ്യക്തമായി കാണാം. സംഭവം വലിയ ജനരോഷത്തിന് കാരണമാവുകയും കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാവുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു ട്രാഫിക് പോലീസ് വിഷയത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചു.

Related Posts