വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന ‘സ്നേഹവീട്’ പദ്ധതിയിലെ ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടന്നു. പണി പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനവും ഗൃഹപ്രവേശവുമാണ് ഇന്ന് നടന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സന്നിഹിതരായിരുന്നു.
‘സ്നേഹവീട്’ പദ്ധതിയിൽ 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണമാണ് പൂർത്തിയായത്. ബാക്കി 54 വീടുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് സാദിഖ് അലി തങ്ങൾ അറിയിച്ചു. ഓരോ വീടിനും ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയും ലീഗ് ഒരുക്കിയിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. വീടുകൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും ഉൾപ്പെടെയുള്ള വിപുലമായ ടൗൺഷിപ്പ് സൗകര്യങ്ങൾ ഈ മേഖലയിൽ വരും.