ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. 20 ലക്ഷം ബാരൽ ഇന്ധനവുമായി സഞ്ചരിച്ചിരുന്ന സൂപ്പർ ടാങ്കർ ശക്തമായ സ്ഫോടനത്തെ തുടർന്ന് മുങ്ങി. ഇറാൻ റെവല്യൂഷണറി ഗാർഡാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.

സ്ഫോടനത്തെ തുടർന്ന് കപ്പലിൽ തീപടരുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലുകളുടെ പേര്, പതാക, ഉടമസ്ഥത, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതാണ് മൈൻ ആക്രമണത്തിന് കാരണമെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകൾക്കും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിൽ തകർന്നതായാണ് വിവരം.

മുങ്ങിയ ടാങ്കറിൻ്റെ അവശിഷ്ടങ്ങളിൽ തട്ടി കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഇറാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Posts