2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ. ഇന്ത്യയേക്കുറിച്ചുള്ള സക്കർബർഗിൻ്റെ പരാമർശം തെറ്റാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെറ്റയുടെ നടപടി. ജനുവരി പത്തിന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒ യുമായ സക്കർബർഗ് വിവാദ പരാമർശം നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോൽവി നേരിട്ടെന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. അശ്രദ്ധമൂലമുണ്ടായ പിഴവാണ് അതെന്നാണ് മെറ്റയുടെ വിശദീകരണം.
2024-ലെ തിരഞ്ഞെടുപ്പിൽ നിലവിലുള്ള പല പാർട്ടികളും പരാജയപ്പെട്ടെന്ന മാർക്ക് സക്കർബർഗിൻ്റെ നിരീക്ഷണം പലരാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. എന്നാൽ, അതിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെന്നും അശ്രദ്ധ കാരണമുണ്ടായ ഈ പിഴവിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നെന്നും പറയുന്നു. മെറ്റയെ സംബന്ധിച്ച് ഇന്ത്യ വളരെയധികം പ്രധാനമാണ്. ഇന്ത്യയുടെ മികച്ച ഭാവിയ്ക്കുവേണ്ടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’, മെറ്റയുടെ വൈസ് പ്രസിഡൻ്റ് ശിവ്‌കാന്ത് തുക്രാൾ എക്സിൽ കുറിച്ചിട്ടുണ്ട്. വിവാദ പരാമർശത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്ക് പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി സമൻസ് അയച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൻ്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തുകയെന്ന് വാർത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാർലമെൻ്ററി സമിതി ചെയർമാനും ബിജെപി എം.പിയുമായ നിഷികാന്ത് ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദ പരാമർശത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്ക് പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി സമൻസ് അയച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൻ്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തുകയെന്ന് വാർത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാർലമെൻ്ററി സമിതി ചെയർമാനും ബിജെപി എം.പിയുമായ നിഷികാന്ത് ദുബെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് മെറ്റ മാപ്പ് പറഞ്ഞത്.