അമേരിക്കയിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് വിമാനങ്ങളുടെ ടേക്ക് ഓഫിന് വിലക്കേർപ്പെടുത്തി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ). വ്യക്തമായ കാരണം വെളിപ്പെടുത്താതെയാണ് അധികൃതർ അടിയന്തര നിർദേശം പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര വിമാനങ്ങളുടെ ഗതാഗതവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എഫ്.എ.എ അറിയിച്ചു.

അറ്റ്ലാന്റ, വാഷിംഗ്ടൺ ഡി.സി., മിയാമി, ബാൾട്ടിമോർ-വാഷിംഗ്ടൺ ഇന്റർനാഷണൽ (ബി.ഡബ്ല്യു.ഐ), ജോർജ് ബുഷ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലാണ് ടേക്ക് ഓഫ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഏകദേശം 3,000 വിമാനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നതായാണ് ഫ്ലൈറ്റ് റഡാർ രേഖകൾ വ്യക്തമാക്കുന്നത്.

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ തകരാറിൻ്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. കൂടുതൽ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു.

2023 ജനുവരിയിലാണ് ഇതിന് മുമ്പ് അമേരിക്കയിൽ സമാനമായ രീതിയിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് പൈലറ്റുമാർക്ക് സുരക്ഷാ വിവരങ്ങൾ കൈമാറുന്ന നോട്ടം (NOTAM) സംവിധാനത്തിലുണ്ടായ തകരാറായിരുന്നു കാരണം. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിനുമുമ്പ് രാജ്യവ്യാപകമായി സമാനമായ കടുത്ത വ്യോമഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Related Posts