താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച് നടൻ മമ്മൂട്ടി. സംഘടനയ്ക്കുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്നും അതിനായി അൽപം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. നിലവിലെ വിവാദങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു.
‘അമ്മ’യിലെ ആഭ്യന്തര വിഷയങ്ങൾ ചർച്ചയാകുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. സംഘടനയ്ക്കുള്ളിൽ ഉയർന്നിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന സൂചന കൂടിയായാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്.