തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മേയർ വി.വി. രാജേഷ്. കോടതി നിർദേശങ്ങൾ പൂർണമായി അംഗീകരിക്കുമെന്നും പുതിയ സത്യപ്രതിജ്ഞ നടത്താൻ കൗൺസിലർമാർ സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇതിനെ തുടർന്നുണ്ടായ പ്രതികരണത്തിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്.
കോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി വന്നതെന്നും അതിനെ മാനിക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു. മുൻകാലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്ന് പരാതിയുമായി ആരും കോടതിയെ സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി വിധികളെ എപ്പോഴും ബഹുമാനിക്കുന്നവരാണ് ബിജെപിയെന്നും ഹൈക്കോടതി 24 മണിക്കൂറിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിച്ചാലും അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വിധി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കോർപ്പറേഷൻ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും മേയർ കൂട്ടിച്ചേർത്തു.