ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിനിടെ വിജയനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടിയതിനെത്തുടർന്ന് പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.31ഓടെയായിരുന്നു സംഭവം.

സംഭവത്തെത്തുടർന്ന് സ്റ്റേഷൻ അധികൃതർ അടിയന്തര രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരനെ ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്തി. തുടർന്ന് ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു.

രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും തുടരുന്നതിനിടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി പർപ്പിൾ ലൈനിൽ ഭാഗിക സർവീസുകളാണ് നടത്തിയത്. കെംപെഗൗഡ സ്റ്റേഷൻ (മജസ്റ്റിക്) മുതൽ വൈറ്റ്ഫീൽഡ് (കടുഗോഡി) വരെയും മൈസൂരു റോഡ് മുതൽ ചല്ലഘട്ട വരെയുമായിരുന്നു സർവീസ് ക്രമീകരിച്ചത്.

ഉച്ചയ്ക്ക് 1.58 മുതൽ പർപ്പിൾ ലൈനിലെ മെട്രോ സർവീസുകൾ സാധാരണ നിലയിലായി. ഗ്രീൻ ലൈൻ, യെല്ലോ ലൈൻ സർവീസുകളെ സംഭവം ബാധിച്ചില്ലെന്നും ബിഎംആർസിഎൽ അറിയിച്ചു.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച മെട്രോ അധികൃതർ രക്ഷാപ്രവർത്തനത്തോടും തുടർന്നുള്ള ക്രമീകരണങ്ങളോടും സഹകരിച്ച യാത്രക്കാർക്ക് നന്ദി അറിയിച്ചു.

Related Posts