എസ്ഐആർ (പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്.

എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ സഹായിക്കുകയാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ടവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. വെബ്സൈറ്റിലും പട്ടിക പിഡിഎഫ് രൂപത്തിൽ ലഭ്യമാക്കും.

പേര് ഒഴിവാക്കപ്പെട്ടവർക്ക് പഴയ ഇപിഐസി (EPIC) നമ്പർ ഉപയോഗിച്ച് എന്യൂമറേഷൻ ഫോം വീണ്ടും പൂരിപ്പിച്ച് സമർപ്പിക്കാം. ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ബിഎൽഒമാർ വാട്സ്ആപ്പ്, ഇമെയിൽ എന്നിവ വഴി വോട്ടർമാർക്ക് കൈമാറും. വെബ്സൈറ്റ്, ആപ്പ് എന്നിവ വഴിയും ഫോമുകൾ ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം.

സ്ഥലം മാറിയവർക്ക് പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവനയോടൊപ്പം ഫോം സമർപ്പിച്ചാൽ മതിയാകും. ഇവർ പ്രത്യേകമായി ഫോം-8 നൽകേണ്ടതില്ല. ഭവനരഹിതരുടെ കാര്യത്തിൽ ബിഎൽഒ നടത്തുന്ന സ്ഥലപരിശോധനാ റിപ്പോർട്ട് വിലാസരേഖയായി പരിഗണിക്കും. അർഹരായ ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകരുതെന്ന് ഉറപ്പാക്കുകയാണ് കമ്മീഷൻ്റെ ലക്ഷ്യം.

Related Posts