പഞ്ചാബ്: അമൃത്സറിൽനിന്ന് പുറപ്പെട്ട കർമഭൂമി എക്സ്പ്രസ് ട്രെയിനിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. വെള്ളിയാഴ്ച (നവംബർ 6) ഉച്ചയ്ക്ക് ഒരു മണിയോടെ പഞ്ചാബിലെ പട്യാല ജില്ലയിൽ രാജ്പുരയ്ക്ക് സമീപം സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായുള്ള പ്രാഥമിക റിപ്പോർട്ടുകളുണ്ടെങ്കിലും പരിക്കേറ്റവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
അമൃത്സറിൽനിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് പോകുകയായിരുന്ന 12508 നമ്പർ കർമഭൂമി എക്സ്പ്രസിൻ്റെ എൻജിന് പിന്നിൽ അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് തീ സമീപത്തെ മറ്റ് മൂന്ന് കോച്ചുകളിലേക്കും പടരുകയായിരുന്നു. കോച്ചുകളിൽനിന്ന് കനത്ത പുക ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. റെയിൽവേ അധികൃതരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. പിന്നീട് തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
കോച്ചിലുണ്ടായ വൈദ്യുത തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി കാരണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ നാല് കോച്ചുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം.
യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായി. തീപിടിത്തത്തിൻ്റെ യഥാർഥ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി, യാത്രക്കാർക്കുണ്ടായ പരിക്കുകൾ എന്നിവ സംബന്ധിച്ച് റെയിൽവേ അധികൃതർ പരിശോധന നടത്തിവരികയാണ്.