യുവ നടി അതുല്യ ചന്ദ്ര പ്രതിയായ പീഡനവും പണം തട്ടലും സംബന്ധിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ മർദനമേറ്റ യുവ ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ ജോൺസൺ കെ. വർഗീസിനെതിരെയാണ് (41) നടപടി. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെത്തുടർന്ന് ഡോക്ടറെ ആശുപത്രിയിൽനിന്ന് പുറത്താക്കിയതായും വിവരമുണ്ട്.
യുവ നടിയുടെ ബന്ധുവായ 50കാരിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറുടെ പരിചയക്കാരിയായ യുവതിക്ക് മദ്യം നൽകിയശേഷം ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.
അടുത്ത ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് കുടുംബ ഡോക്ടറെ തടങ്കലിലാക്കി മർദിക്കുകയും സംഭവം പുറത്തുപറയാതിരിക്കാൻ മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തെന്ന കേസിലാണ് നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32), നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിൻ പെരുമ്പിള്ളി എന്ന ബിബിൻ ബേബി (42), കെ.ബി. വിഷ്ണു (31) എന്നിവർ അറസ്റ്റിലായത്. വ്യാഴാഴ്ച കടവന്ത്ര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേസിൽ ഒമ്പതുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഡോക്ടർക്കെതിരായ പുതിയ ബലാത്സംഗക്കേസ് പുറത്തുവന്നത്. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്പ്രിങ് ഡേൽ അപ്പാർട്ട്മെന്റിലായിരുന്നു ഡോക്ടർക്ക് മർദനമേറ്റത്. പ്രമുഖ യുവനടൻ്റെ നിർമാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാനായി എടുത്ത അപ്പാർട്ട്മെന്റാണിത്.
അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതിനെത്തുടർന്നാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്മെന്റിലെത്തിയത്. എന്നാൽ അവിടെ ബന്ധുവിനെ കണ്ടെത്താനായില്ല. പകരം വിവിധ ഭാഗങ്ങളിൽ ഒളിച്ചുനിന്നിരുന്ന പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽനിന്ന് പീഡനശ്രമമുണ്ടായതായി ബന്ധു അതുല്യയോട് പറഞ്ഞിരുന്നുവെന്നും തുടർന്നാണ് സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിട്ടതെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. മർദനത്തിൽ അവശനായ ഡോക്ടറെ രാത്രി 10.30ഓടെയാണ് വിട്ടയച്ചത്.
ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നൽകാമെന്നായിരുന്നു ധാരണയെന്നാണ് വിവരം. എന്നാൽ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഡോക്ടർ കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവയും പ്രതികൾ കവർന്നതായി പരാതിയിലുണ്ട്.
ഡോക്ടർക്കെതിരായ ബലാത്സംഗക്കേസും ഡോക്ടറെ മർദിച്ച് പണം തട്ടാൻ ശ്രമിച്ച കേസും പൊലീസ് പ്രത്യേകം അന്വേഷിച്ചുവരികയാണ്.