ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മുംബൈയിലെ പൈധുനിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ ദൊകാഡിയ (35), ഇവരുടെ മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെ ഇവർ ബിരിയാണി കഴിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ഒന്നരയോടെ കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ഇവർക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഇളയ മകൾ സൈനബ് ആണ് ആദ്യം മരിച്ചത്. രാത്രി പിതാവ് അബ്ദുള്ളയും മരിച്ചു. പിന്നീട് മാതാവും മൂത്ത മകളും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ജെ.ജെ മാർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. രാസപരിശോധനാ ഫലങ്ങൾ ലഭിച്ചാൽ മാത്രമേ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.