കണക്കിൽ പെടാത്ത പണം ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെത്തിയ കേസിൽ കുടുങ്ങിയ ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂലൈ മാസത്തിൽ തുടങ്ങുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിലാണ് ഇംപീച്ച്മെൻ്റ് നടപടികൾക്ക് തുടക്കം കുറിക്കുക. വർമ്മയുടെ വീട്ടിൽ ഇക്കഴിഞ്ഞ മാർച്ച് 14 ന് ഹോളി ദിനത്തിൽ തീപ്പിടിത്തം നടന്നിരുന്നു.

തീയണയ്ക്കാനെത്തിയ അഗ്നിശമനാ ഉദ്യോഗസ്ഥർ വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. സംഭവം അന്വേഷിച്ച സുപ്രീം കോടതിയുടെ മൂന്നംഗ ആഭ്യന്തര സമിതി വർമ്മ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ വെളിച്ചത്തിൽ യശ്വന്തം വർമ്മയെ ഇംപീച്ച് ചെയ്യുന്ന നടപടികളിലേക്ക് പാർലമെൻ്റ് കടന്നേക്കുമെന്നാണ് വിവരം. നിലവിൽ വർമ്മ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ടിരിക്കുകയാണ്.

രാജ്യത്തെ ഉന്നത നീതിന്യായ കോടതികളായ സുപ്രീം കോടതി, ഹൈക്കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാരെ പെരുമാറ്റ ദൂഷ്യത്തിനോ കഴിവില്ലായ്മയ്‌ക്കോ നീക്കം ചെയ്യുന്നതിനുള്ള ഒരു ഭരണഘടനാ സംവിധാനമാണ് ഇംപീച്ച്‌മെന്റ് എന്നറിയപ്പെടുന്നത്.

Related Posts