ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ, ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടയിരുന്നവരെ രക്ഷിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്. ദൗത്യ നിർവഹണത്തിൻ്റെ ഭാഗമായി ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന ഐഎൻഎസ് തബറിന് ചരക്കുകപ്പലിൽ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. പലാവു ദ്വീപിൻ്റെ പതാകയേന്തിയ കപ്പലിൻ്റെ എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. ഇതേത്തുടർന്ന് കപ്പലിലെ വൈദ്യുതി പൂർണമായും തകരാറിലായി.

കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ വംശജരായ 14 ജീവനക്കാരാണ്. കപ്പൽ അപകടത്തിൽപ്പെട്ടുവെന്ന വിവരം ഞായറാഴ്‌ച വൈകിട്ടോടെയാണ് ഐഎൻഎസ് തബറിന് ലഭിക്കുന്നത്. 5 കപ്പൽ ജീവനക്കാരും 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുമാണ് ഐഎൻഎസ് തബറിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ കപ്പൽ അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

ആഘാതം കുറയ്ക്കാൻ സാധിച്ചതായും തീ നിയന്ത്രണവിധേയമാക്കിയെന്നും ഇന്ത്യൻ നാവികസേന പിന്നീട് എക്‌സിലൂടെ അറിയിച്ചു. ബോട്ടും ഹെലികോപ്‌ടറും ഉപയോഗിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഒമാനിലെ ഷിനാസിലേക്ക് ഗുജറാത്തിലെ കാണ്ട്ലയിൽ നിന്ന് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കുകപ്പൽ.

Related Posts