തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലെ യോഗത്തിനിടെ, തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ. ഹാളിലെ യോഗത്തിനിടെ നാടകീയ രംഗങ്ങളുണ്ടായതിനെത്തുടർന്ന് കൗൺസിലർമാർക്ക് കൂട്ട സസ്പെൻഷൻ ലഭിച്ചു. നഗരത്തിൽ എം.ജി. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

മേയർ ഇതിനിടെ ഡെസ്‌കിൽ കയറിയ ആളെ സസ്പെൻഡ് ചെയ്‌തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടൻ കുറച്ചു പേർക്കൂടി ഡെസ്‌കിൽ കയറി. അതോടെ 10 പേരെക്കൂടി സസ്പെൻഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗൺസിലർമാരും ഡെസ്ക്കിൽ കയറുകയായിരുന്നു. അടുത്ത 3 കൗൺസിൽ യോഗങ്ങളിൽ നിന്ന് പ്രതിപക്ഷ കൗൺസിലർമാരിൽ ഭൂരിപക്ഷം പേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ കൗൺസിലിനെ അപമാനിച്ച പ്രതിപക്ഷകക്ഷി നേതാവ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗൺസിലർമാരും ബഹളം വെച്ചു.

Related Posts