ശബരിമല തീർഥാടകർക്ക് വിമാനത്താവളങ്ങളിൽനിന്ന് പമ്പയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ പ്രത്യേക എസി ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി. മണ്ഡല-മകരവിളക്ക് തീർഥാടനകാലം മുന്നിൽക്കണ്ട് തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി സി.പി. ജോൺ പുതിയ സർവീസുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാത്രി 9.30ന് ബസ് പമ്പയിലേക്ക് പുറപ്പെടും. പമ്പയിൽനിന്ന് വൈകിട്ട് ഏഴിനാണ് മടക്കയാത്ര. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസ് രാത്രി 8.30ന് ആരംഭിക്കും. ഈ സർവീസിൻ്റെയും മടക്കയാത്ര പമ്പയിൽനിന്ന് വൈകിട്ട് ഏഴിനായിരിക്കും.

വിമാനങ്ങളിൽ എത്തുന്ന തീർഥാടകർക്ക് ബസ് കാത്തിരിക്കാനും വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങൾ രണ്ട് വിമാനത്താവളങ്ങളിലും ഒരുക്കും. വിവിധ വിമാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ എത്തുന്ന ഭക്തർക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നതിനായി കാത്തിരിപ്പ് സംവിധാനവും ഏർപ്പെടുത്തും.

കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ബസ് ടിക്കറ്റുകൾ ലഭ്യമാകും. വിമാന ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ കെഎസ്ആർടിസി ബസ് ടിക്കറ്റിനുള്ള ലിങ്കും ഉൾപ്പെടുത്തും. തീർഥാടന സംഘങ്ങൾക്ക് ഗ്രൂപ്പുകളായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.

വിമാനമാർഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Related Posts