താരസംഘടനയായ അമ്മ ഷൈൻ ടോം ചാക്കോയെ പുറത്താക്കാനുള്ള നടപടികൾക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വൈകാതെ തന്നെ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോർട്ട്. നടി വിൻസി അലോഷ്യസ് നേരത്തെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു. നടൻ്റെ പേര് നടി തന്നെയാണ് വെളിപ്പെടുത്തിയത്.
ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസ് പരാതി നൽകി. സിനിമയുടെ ഇൻ്റേണൽ കംപ്ലൈൻ്റ് കമ്മിറ്റി, ഫിലിം ചേംബർ എന്നിവയിലാണ് വിൻസി പരാതി നൽകിയത്. സിനിമ സെറ്റിൽ കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായി നടി വിൻസി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയിൽ നിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി. സോഷ്യൽ മീഡയയിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.