പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനും സാഹിത്യ നിരൂപകനും സാംസ്കാരിക ചിന്തകനുമായ കെ.വി. നാരായണ (79) അന്തരിച്ചു. വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. യെലഹങ്കയിൽ താമസിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ എച്ച്.എസ്. ശ്രീമതി, മകൻ, മകൾ എന്നിവരടങ്ങുന്നതാണ് കുടുംബം.
1948ൽ മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ കമ്പളാപുരയിലാണ് ജനനം. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പ്രശസ്ത കന്നഡ കവി ജി.എസ്. ശിവരുദ്രപ്പയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കി പി.എച്ച്.ഡി നേടിയത്.
ബെംഗളൂരുവിലെ നാഷനൽ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ബെംഗളൂരു സർവകലാശാലയിലെ കന്നഡ പഠനകേന്ദ്രത്തിൽ ഭാഷാശാസ്ത്രവും സാഹിത്യ സിദ്ധാന്തവും പഠിപ്പിച്ചു. ഹംപിയിലെ കന്നഡ സർവകലാശാലയിൽ ഭാഷാ വിഭാഗം ഡീൻ, രജിസ്ട്രാർ, ആക്ടിങ് വൈസ് ചാൻസലർ തുടങ്ങിയ പ്രധാന പദവികളും വഹിച്ചു. കുവെമ്പു ഭാഷാ ഭാരതി അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചു.
കന്നഡ ഭാഷ, സാഹിത്യം, വിവർത്തനം, സാംസ്കാരിക പഠനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം സമകാലിക കന്നഡ സാഹിത്യ നിരൂപണ രംഗത്തെ പ്രമുഖ ശബ്ദങ്ങളിലൊന്നായിരുന്നു. കർണാടക സാഹിത്യ അക്കാദമി അവാർഡ്, കർണാടക രാജ്യോത്സവ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ കന്നഡ-സാംസ്കാരിക മന്ത്രി ശിവരാജ് തംഗഡഗി അനുശോചനം രേഖപ്പെടുത്തി. കന്നഡ ഭാഷയ്ക്കും വിവർത്തനത്തിനും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അനുശോചനം അറിയിച്ചു. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളാണ് നാരായണയെ ശ്രദ്ധേയനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
‘കന്നഡയുടെ അസാധാരണമായൊരു വ്യക്തിത്വമാണ് നഷ്ടമായത്. നാമിപ്പോൾ അനാഥരായിരിക്കുന്നു’ എന്നായിരുന്നു കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിലിമലെയുടെ പ്രതികരണം.