മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ ആറു ഡിഗ്രി സെൽഷ്യസ് മൂന്നാർ ടൗണിലും നല്ലതണ്ണിയിലും രേഖപ്പെടുത്തി. ശൈത്യത്തിൻ്റെ വരവറിയിച്ച് പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ടു ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പകൽ ചൂട് കൂടുമ്പോഴും രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് ശക്തമാകുന്നത്.
വരും ദിവസങ്ങളിൽ മൂന്നാർ മേഖലയിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നാണ് പ്രതീക്ഷ. ശൈത്യകാലം ആരംഭിച്ചതോടെ തണുത്ത കാലാവസ്ഥ ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്കും വർധിക്കുമെന്നാണ് വിലയിരുത്തൽ.