മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടമുണ്ടാക്കി. തീക്കോയിക്ക് സമീപം വേലത്തുശേരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശിനി മണ്ണിടിച്ചിലിൽ മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുളാലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരനായ ജോസഫ് മരിച്ചു. മക്കളായ ജിമ്മി (35), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. കനത്ത മഴയും വൈദ്യുതി തടസ്സവും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി.

ഇടുക്കി: വട്ടവടയിലും മണ്ണിടിച്ചിലിൽ സഹോദരങ്ങൾ മരിച്ചു. കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ (47), സഹോദരി ചിന്നു (38) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലെ ഷെഡിൽ നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാലകൃഷ്ണൻ്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമരമ്പലം–ചോക്കാട് കോട്ടപ്പുഴ ടികെ കോളനി ഭാഗത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശി മങ്ങാടൻ അനസ് (27) മരിച്ചവരിൽ ഒരാളാണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്.

Related Posts