ശ്രീനാരായണ ഗുരുദേവൻ്റെ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവം ആചരിക്കും. ശിവഗിരി മഹാസമാധി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, വിവിധ മഠങ്ങൾ, ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഗുരുപൂജയും സമൂഹപ്രാർഥനയും നടക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശിവഗിരിയിൽ രാവിലെ 10ന് നടക്കുന്ന മഹാ പരിനിർവാണ സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മഹാ പരിനിർവാണ ശതാബ്ദി ആഘോഷങ്ങൾക്കും തുടക്കമാകും. ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. മന്ത്രി ടി. സിദ്ദിഖ് വിശിഷ്ടാതിഥിയാകും.
രാവിലെ 11.30ന് പാൽകത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് ശാരദാ മഠത്തിൽ നിന്ന് കലശപ്രദക്ഷിണ യാത്ര ആരംഭിച്ച് വൈദികമഠം, ബോധാനന്ദസ്വാമി സമാധിപീഠം വഴി മഹാസമാധിയിലെത്തും. തുടർന്ന് മഹാസമാധി പൂജയും കലശാഭിഷേകവും നടക്കും.
ഗുരുദേവൻ്റെ ജന്മസ്ഥലമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ 10ന് നടക്കുന്ന മഹാസമാധി ദിന സമ്മേളനം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വി. മുരളീധരൻ എം.എൽ.എ അധ്യക്ഷനാകും. സ്വാമി ശങ്കരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.