ബെംഗളൂരുവിലെ കൊറമംഗലയിൽ ആഡംബര കാറിനുള്ളിൽ 46കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുടക് സ്വദേശിയായ സലിം അക്ബറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ കൊറമംഗല പോലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ പ്രധാന റോഡിൽ നിർത്തിയിട്ടിരുന്ന ഓഡി കാറിനുള്ളിലാണ് സലിമിനെ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
കൊറമംഗല 8-ാം ബ്ലോക്കിലെ സാഗർ ഫാസ്റ്റ് ഫുഡിന് മുന്നിൽ പുലർച്ചെ 2.30ഓടെ കാർ നിർത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാകാം മരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ഫോറൻസിക്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
കാറിൽ പോലീസ്, ഫോറൻസിക് സംഘം പരിശോധന നടത്തി. നിലവിൽ അസ്വാഭാവികമായ ഇടപെടലുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.