പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 25 ആയി. ബലൂചിസ്ഥാനിലും ഖൈബർ പത്തൂൺഖ്വയിലുമാണ് സ്ഫോടനങ്ങളുണ്ടായത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നടന്നത് ചാവേർ ആക്രമണങ്ങളാണ് എന്നാണ് റിപ്പോർട്ട്.
ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്. നൂറുകണക്കിനുപേരാണ് റാലിക്കായി എത്തിയിരുന്നത്. പാർട്ടി നേതാവായ അഖ്‌താർ മെങ്ഗാൾ പ്രസംഗിച്ച് വേദിവിടുന്നതിടെയായിരുന്നു സ്ഫോടനം. 14 പേരാണ് ഇവിടെ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. അഖ്താർ മെങ്ഗാളിനെ ലക്ഷ്യംവച്ചായിരുന്നോ സ്ഫോടനം എന്ന് സംശയമുണ്ട് ബലൂചിസ്ഥാന് കൂടുതൽ അവകാശങ്ങളും നിക്ഷേപങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി നടത്തിയത്.