ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഈ കാലയളവില്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇസ്രയേലുമായി ഇക്കാര്യം യുഎസ് പ്രതിനിധികള്‍ ഫലപ്രദമായി ചര്‍ച്ച ചെയ്തു. ഹമാസ് മിഡില്‍ ഈസ്റ്റിൻ്റെ നന്മയ്ക്കായി കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ചനടത്തും. ശാശ്വത സമാധാനം ഗാസയില്‍ സ്ഥാപിക്കും. ഖത്തറും ഈജിപ്തും അന്തിമ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അടുത്തയാഴ്ച വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈസ് പ്രസിഡൻ്റ് ജെ.ഡി വാന്‍സ്, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നെതന്യാഹുവിൻ്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നാണ് സൂചന.