സംസ്ഥാനത്ത് ഇന്നുമുതൽ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.
ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് ഝാർഖണ്ഡിന് മുകളിലായാണ്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇതിൻ്റെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.