ഇറ്റാലിയന്‍ ക്ലബ്ബ് യുവൻ്റ്സിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സ്പാനിഷ് ടീമിൻ്റെ ജയം ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു. 54-ാം മിനിറ്റില്‍ ഹെഡറിലൂടെ ഗോണ്‍സാലോ ഗാര്‍സിയയാണ് മത്സരത്തിൻ്റെ ഫലം നിര്‍ണയിച്ച ഗോള്‍ നേടിയത്.
മികച്ച മുന്നേറ്റങ്ങൾ മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ നടത്തിയ യുവൻ്റ്സ് പിന്നീട് നിറം മങ്ങി. തുടർന്ന് റയൽ ആധിപത്യം പുലർത്തി. വിങ്ങിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ വിനീഷ്യസ് ജൂനിയർ റയലിന് മികച്ച ഗോളവസരങ്ങൾ ഒരുക്കിയെങ്കിലും പലപ്പോഴും യുവൻ്റ്സ് ഗോൾകീപ്പർ മൈക്കൽ ഡി ഗ്രെഗോറിയോയുടെ എണ്ണം പറഞ്ഞ സേവുകൾ തിരിച്ചടിയായി. ഗ്രെഗോറിയോയുടെ മികച്ച പ്രകടനമാണ് യുവൻ്റസിൻ്റെ തോൽവി ഭാരം കുറച്ചത്.
വിനീഷ്യസിൻ്റെ 54-ാം മിനിറ്റിൽ വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ട്രെൻ്റ് അലക്സാണ്ടർ അർനോൾഡ് നൽകിയ ക്രോസ് വലയിലാക്കിയാണ് ഗോൺസാലോ ഗാർസിയ റയലിൻ്റെ ജയം ഉറപ്പാക്കിയത്. റയലിനായി കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി.
എംബാപ്പെയ്ക്ക് പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടം നഷ്ടമായിരുന്നു. ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ട് – മോണ്ടെറി മത്സരത്തിലെ വിജയികളാകും റയലിൻ്റെ എതിരാളികൾ.