ഇറാനിയൻ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിന് മറുപടിയായി പശ്ചിമേഷ്യയിലെ 4 പ്രധാന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കുവൈറ്റിലെ അൽ സേലം എയർ ബേസ്, യുഎഇയിലെ അൽ ദാഫ്ര എയർ ബേസ്, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, ബഹ്റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
‘ഓപ്പറേഷൻ ഖതം അൽ തൂഫാൻ’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഒരേസമയം നാല് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ദോഹ, അബുദാബി, മനാമ എന്നിവിടങ്ങളിൽ മിസൈൽ പതനത്തെത്തുടർന്ന് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മിസൈലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും ചിലത് താവളങ്ങൾക്ക് സമീപം പതിച്ചതായാണ് സൂചന. തങ്ങളുടെ നഗരങ്ങളെ ആക്രമിച്ചാൽ മേഖലയിലെ ഒരു അമേരിക്കൻ താവളവും സുരക്ഷിതമായിരിക്കില്ലെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.