ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ തുറന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്‍റുമോൾ (31) ആണ് മരിച്ചത്. തുരുത്തിപ്പുറം ആർ.കെ.ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ വിന്‍റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിന്‍റുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുരുത്തിപ്പുറം ചെറിയ പാലത്തിന് സമീപം എത്തിയപ്പോൾ ബസിൻ്റെ തുറന്നുകിടന്ന വാതിലിലൂടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭർത്താവ് സോണിയും ഒരു കുട്ടിയുമടങ്ങുന്നതാണ് കുടുംബം.

ബസിൻ്റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Posts