പ്രിൻസ് ടൗൺ അപാർട്മെന്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രിൻസ്ടൗൺ അപാർട്മെന്റിൽ നടക്കും.

കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ കഥകളിയും കളരിപ്പയറ്റും ഈ വർഷത്തെ ഓണാഘോഷത്തിന് കൂടുതൽ മിഴിവേകും. കലാമണ്ഡലം ആദിത്യൻ്റെ നേതൃത്വത്തിലുള്ള മേജർസെറ്റ് കഥകളി സംഘം അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളിയും, വടക്കൻ കളരിയിലെ പ്രഗത്ഭരായ പയറ്റുകാരുടെ ആവേശം പകരുന്ന കളരിപ്പയറ്റും ഈ വർഷത്തെ ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

സെപ്റ്റംബർ 26ന് രാവിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ പൂക്കള മത്സരം നടക്കും. തുടർന്ന് വൈകുന്നേരം 3 മണിയോടെ, വാദ്യമേളങ്ങളുടെയും വിവിധ വേഷങ്ങളുടെയും അകമ്പടിയോടെ ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന വർണശബളമായ ഘോഷയാത്ര അരങ്ങേറും.

വൈകുന്നേരം 7 മണിയോടെ പൂതനാമോക്ഷം കഥകളി, തുടർന്ന് കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും നടക്കും. സെപ്റ്റംബർ 27ന് രാവിലെ ആവേശകരമായ വടംവലി മത്സരവും വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിയോടെ പരമ്പരാഗത ഓണസദ്യയും ഉണ്ടായിരിക്കും.

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഭാരവാഹികളായ പ്രവീൺ കെ.സി, രോഹിത്, നിതിഷ് നമ്പ്യാർ, ശശിധരൻ പത്തിയിൽ, ഷാജ് ഫിലിപ്പ്, എൽദോ ജോർജ്, സതീശൻ അരുൺ, ഗണേഷ്, ഷിബു ചെമ്മേരി, സുമിൻ, റിജേഷ്, സജീവ്, അഭിനന്ദ്, രാംദാസ്, ആതിര, കുഞ്ഞുമേരി, ബുഷ്‌റ, ഷീജ, റൈഹാന, പാർവതി, ഭവ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

പ്രിൻസ് ടൗണിന്റെ ഐക്യവും മലയാളിത്തവും ആഘോഷമാക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Related Posts