ലോകമലയാളികളുടെ കാരുണ്യക്കൂട്ടായ്മയിലൂടെ സൗദിയിലെ വധശിക്ഷയിൽ നിന്നും ജയിൽമോചിതനായ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട ഐ.എ.എക്സ് 322 (IAX 322) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് വികാരനിർഭരമായ സ്വീകരണമാണ് നാട് നൽകിയത്. തന്റെ മോചനത്തിനായി കൈകോർത്ത ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ മനുഷ്യർക്കും അബ്ദുൽ റഹീം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് റഹീമിനെ വരവേൽക്കാൻ കരിപ്പൂരിലെത്തിയത്. റഹീമിന്റെ മോചനത്തിനായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരും സ്വീകരണത്തിൽ പങ്കാളിയായി.