കോട്ടയം മണർകാട്ടുണ്ടായ വാഹനാപകടത്തിൽ 23കാരിയായ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് ആണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
ഇന്ന് രാവിലെ ഏഴ് മണിയോടെ മണർകാട് പള്ളിക്ക് സമീപം സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലായിരുന്നു അപകടം. അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്ന ബൈക്ക് വളവിൽവച്ച് റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
അപകടത്തിൽ കോട്ടയത്ത് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീദേവിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൻ്റെ സാഹചര്യങ്ങളും ബൈക്ക് നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.