കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കേസിൽ മെറ്റയ്ക്ക് അമേരിക്കൻ കോടതിയുടെ വീണ്ടും പിഴ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 567 മില്യൺ ഡോളർ പിഴയാണ് ന്യൂ മെക്സിക്കോ കോടതി ചുമത്തിയത്.

കുട്ടികൾക്കും കൗമാരക്കാർക്കും നേരിടേണ്ടിവരുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് കമ്പനിക്ക് അറിവുണ്ടായിരുന്നിട്ടും ആവശ്യമായ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഇതേ കേസിൽ നേരത്തെ 375 മില്യൺ ഡോളർ പിഴയും മെറ്റയ്ക്ക് ചുമത്തിയിരുന്നു. പുതിയ പിഴ കൂടി വരുന്നതോടെ കേസിൽ കമ്പനിക്കെതിരായ സാമ്പത്തിക നടപടി കൂടുതൽ ശക്തമായിരിക്കുകയാണ്.

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ മീഡിയ കമ്പനിക്കെതിരെ അമേരിക്കയിൽ ചുമത്തിയ വലിയ പിഴകളിലൊന്നാണിത്. പുതിയ പിഴ ഇന്ത്യൻ രൂപയിൽ ഏകദേശം 7,800 കോടി രൂപ വരും.

Related Posts