രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാൻ ഒമാനും. മസ്‌കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം സിറ്റിക്കും റുവി സിബിഡിക്കും ഇടയില്‍ 50 കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.മസ്‌കറ്റ് മെട്രോ യാഥാര്‍ഥ്യമാവുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവുമെന്ന് മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിര്‍ദ്ദിഷ്ട സിബിഡി ഗാല, അല്‍ ഖുവൈര്‍ ഡൗണ്ടൗണ്‍ ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 50 കിലമോമീറ്റര്‍ റൂട്ടില്‍ ഏകദേശം 36 സ്റ്റേഷനുകളുണ്ടാവും.

പ്രധാന നഗര കേന്ദ്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെട്രോയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌കറ്റ് മെട്രോ പദ്ധതി രാജ്യത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ ഉതകുന്ന വരും കാലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത പദ്ധതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2023ല്‍ മെട്രോ പദ്ധതിയും അനുബന്ധ പഠനങ്ങളും നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നതായി വിഷന്‍ 2040 ഇംപ്ലിമെന്റേഷന്‍ ഫോളോ അപ്പ് യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts