നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ 2 ജീവനക്കാർ കീഴടങ്ങിയതായി റിപ്പോർട്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ രാധു, വിനീത എന്നിവരാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയത്. ദിയയുടെ പരാതി 3 ജീവനക്കാരികൾക്ക് എതിരെയായിരുന്നു. ഇപ്പോഴും പ്രതികളിൽ മൂന്നാമത്തെയാൾ ദിവ്യ ഒളിവിലാണ്.
ജീവനക്കാരികൾ ദിയയുടെ സ്ഥാപനത്തിൽ നിന്നും ക്യു ആർ ക്വാഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികളാണ് ദിയയുടെ വിവാഹശേഷം കടയിലെ കാര്യങ്ങൾ നോക്കിയത്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികൾ അവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചത് എന്നാണ് പരാതി.
ഇവർ നേരത്തേ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നും കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 3 ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ ഇത് ശരിവെക്കുന്നുണ്ടെന്നുമാണ് പോലീസ് പറയുന്നത്.