തിരുവനന്തപുരം ബാലരാമപുരത്ത് നിന്ന് ഇന്നലെ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകളായ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്.

അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണെന്നും നെയ്യാറ്റിൻകര ഡിവൈഎസ്‌പി പറഞ്ഞു. ഫയർഫോഴ്‌സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കിണറിന് കൈവരികളുള്ളതു കൊണ്ട് കുട്ടി തനിയെ വീഴാനുള സാദ്ധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എംഎൽഎ എം. വിൻസെൻ്റ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ നിഗമനം. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

കുട്ടി ഇന്നലെ അമ്മയുടെ സഹോദരൻ്റെ മുറിയിലാണ് ഉറങ്ങിയത്. പുലർച്ചെ 5.30 ന് കുട്ടി കരഞ്ഞത് കേട്ടിരുന്നു എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ കാണാതായെന്ന് പറയപ്പെടുന്ന സമയത്ത് കുട്ടി കിടന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. തീയണച്ചശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത് എന്നാണ് വീട്ടുകാർ പറയുന്നത്. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നു എംഎൽഎ എം വിൻസെൻ്റ് പറഞ്ഞു. ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Related Posts