കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അടിസ്ഥാനപ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെഎം മാണിയെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കെ എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ ‘കരുണയുടെ കയ്യൊപ്പ്’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന കാരുണ്യദിനത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ശ്രീചിത്രഹോമിൽ നിർവ്വഹിക്കുകയായിരുന്നു സ്പീക്കർ.

13 ബജറ്റുകൾ അവതരിപ്പിക്കുകയും ഏറ്റവും കൂടുതൽ നിയമനിർമ്മാണ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്‌ത കെ.എം മാണി നിയമസഭാപ്രവർത്തനത്തെ ഏറെ ഗൗരവത്തോടെ കണ്ട നേതാവായിരുന്നു. ദീർഘകാല അനുഭവസമ്പത്ത് ഉണ്ടായിട്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയെപ്പോലെ തുടക്കക്കാരൻ്റെ ആവേശത്തോടെ നിയമസഭാ സമ്മേളന കാലയളവിൽ തയ്യാറെടുക്കുന്ന കെ.എം മാണിയുടെ പാർലമെന്ററി പ്രവർത്തനം പുതിയതലമുറയിലെ നിയമസഭാ സാമാജികർക്ക് വഴികാട്ടിയാനിന്നും സ്പീക്കർ പറഞ്ഞു. കർഷത്തൊഴിലാളി പെൻഷൻ മുതൽ പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ കാരുണ്യ പദ്ധതിവരെയുള്ള കെ.എം മാണി ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം രാജ്യത്തിനാകെ മാതൃകയായി മാറിയെന്നും സ്പീക്കർ എ.എൻ ഷംസീർ കൂട്ടിച്ചേർത്തു.

Related Posts