സോഹൻ ലാൽ സംവിധാനം ചെയ്ത ‘വീൽസ് ടു കുടജാദ്രി’ എന്ന ഡോക്യുമെന്ററി രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഷിംലയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലെ മത്സരവിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചു.
പ്രശസ്തമായ രണ്ട് ചലച്ചിത്രമേളകളിൽ ഒരേസമയം ചിത്രം ഇടംപിടിച്ചതിൻ്റെ സന്തോഷത്തിലാണ് സംവിധായകൻ സോഹൻലാലും നിർമാതാവ് ജഹാൻഗീർ ഷംസും. നേരത്തേ പൂണെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും തമിഴകം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
മൂകാംബിക ദേവീക്ഷേത്രത്തിൽനിന്ന് കുടജാദ്രിയിലേക്കുള്ള ദുർഘടമായ പാതയിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്ന ജീപ്പ് ഡ്രൈവർമാരുടെ ജീവിതവും അനുഭവങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. സാഹസികതയും കഠിനാധ്വാനവും നിറഞ്ഞ അവരുടെ ജീവിതത്തിലേക്കുള്ള യാത്രയാണ് ‘വീൽസ് ടു കുടജാദ്രി’യിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്.