വമ്പൻ താരനിരയോ വലിയ പ്രചാരണങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പ് നടത്തി കന്നഡ ചിത്രം ‘പ്രേമദ ഊരലി’. സെപ്റ്റംബർ 25ന് റിലീസ് ചെയ്ത ചിത്രം 50 കോടി രൂപയിലേറെ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്. ആദ്യദിനം വെറും 60 ഷോകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 1,200 ഷോകളിലേക്ക് വളർന്നതും ശ്രദ്ധേയമായി. മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീരാമാണ് നായകൻ. രംഗായണ രഘു, തപസ്വിനി പൂഞ്ച, രമിക ശിവു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുനാദ് ഗൗതമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജ്കാന്ത് എസ്.കെ. ഛായാഗ്രഹണവും ഹർഷിത് പ്രഭു എഡിറ്റിങ്ങും നിർവഹിച്ചു. വാനില എന്റർടെയ്ൻമെന്റ്സും ജനകമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.

2026ൽ കന്നഡ സിനിമാ മേഖലയിൽ വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് ഈ ഗ്രാമീണ കുടുംബചിത്രം. പ്രേക്ഷകരിൽനിന്നുള്ള മികച്ച അഭിപ്രായങ്ങളും വാമൊഴിയായുള്ള പ്രചാരണവുമാണ് ചിത്രത്തിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ‘മുംഗാരു മളെ’, ‘സു ഫ്രം സോ’ തുടങ്ങിയ ചിത്രങ്ങൾ നേടിയ വിജയത്തിന് സമാനമായ മുന്നേറ്റമാണ് ‘പ്രേമദ ഊരലി’യും നടത്തുന്നത്.

വലിയ താരനിരയുടെ അഭാവം കാരണം റിലീസിൻ്റെ തുടക്കത്തിൽ മികച്ച തിയേറ്ററുകളോ പ്രധാന പ്രദർശന സമയങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. തെലുങ്ക് താരം നാനിയുടെ ‘ദി പാരഡൈസ്’ എന്ന ചിത്രത്തിനൊപ്പമാണ് ‘പ്രേമദ ഊരാളി’ തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രേക്ഷകപ്രീതി വർധിച്ചതോടെ പ്രദർശനങ്ങളുടെ എണ്ണവും ഉയർന്നു. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥയാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം, ഭർതൃപിതാവും മരുമകളും തമ്മിലുള്ള ബന്ധം, ഗ്രാമീണ ജീവിതത്തിലെ നന്മകൾ എന്നിവ സിനിമയിൽ പ്രധാനമായി അവതരിപ്പിക്കുന്നു. ഭാര്യയുടെ മരണശേഷം മകനെ ഒറ്റയ്ക്ക് വളർത്തുന്ന ഒരു കർഷകൻ്റെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം.

Related Posts