നെടുമ്പാശ്ശേരിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായ 19കാരൻ സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരിയിലെ ഹോട്ടൽ മാരിയറ്റ് എന്നിവയുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അപകടവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെ അങ്കമാലി കോടതി വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്നതിനായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാർ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം കോടതിയിൽ എതിർത്തിരുന്നു. ഗൂഢാലോചനയില്ലാത്ത വാഹനാപകടക്കേസിൽ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. അപകടത്തിൽപ്പെട്ട ബൈക്കിൽ അമിതമായി ആളുകളുണ്ടായിരുന്നുവെന്നും മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് മരണത്തിന് കാരണമായിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.
എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാത്തവരല്ല പ്രതികളെന്നും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാൻ പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ അഡ്വ. സെയ്ൻ ഷബീർ അറിയിച്ചു.