കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മൺസൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു.
അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ മഴ തുടരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ കേരളത്തിൽ മഴ എത്താൻ സാധ്യതയുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് കേരളത്തിൽ ഇപ്പോൾ ലഭിക്കുന്നത്. മേയ് 20ഓടെ ആൻഡമാൻ നിക്കോബാറിൽ മൺസൂൺ എത്തും.