മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി എത്തുന്ന ‘തുടക്കം’ സിനിമയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും ദുൽഖർ സൽമാനും ആശംസകളുമായി രംഗത്തെത്തി. ചിത്രം ഇന്ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്.

“തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും” എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. മമ്മൂട്ടിയുടെ ആശംസ പങ്കുവെച്ച് വിസ്മയ നന്ദി അറിയിക്കുകയും ചെയ്തു.

ദുൽഖർ സൽമാനും “വിസ്മയ മോഹൻലാലിൻ്റെ സിനിമാ യാത്രയുടെ ‘തുടക്ക’ത്തിന് എല്ലാവിധ ആശംസകളും” നേർന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. കുടുംബബന്ധങ്ങളും സസ്പെൻസും ഇഴചേർന്ന ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തിൽ ആശിഷ് ജോ ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മോഹൻലാലും നിർണായക വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജെയ്‌സ് ജോസ്, ജയ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിസ്മയ മോഹൻലാലിൻ്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പായ ‘തുടക്കം’ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Posts